1.14 ലക്ഷം കോടിയുടെ കിട്ടാക്കടം എഴുതിതള്ളി പൊതുമേഖലാ ബാങ്കുകൾ

By: web Editor | February 8, 2016

moneyമുംബൈ: കഴിഞ്ഞ മൂന്നു വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയത് 1.14 ലക്ഷം കോടിയുടെ കിട്ടാക്കടം. അതിനു മുമ്പുള്ള ഒരു ദശാബ്ദക്കാലയളവിൽ എഴുതിത്തള്ളിയ തുകയേക്കാൾ അധികമാണിത്. മൂലധനം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലൂടെ പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു പ്രഖ്യാപിക്കുമ്പോഴും അവയുടെ കിട്ടാക്കടം പെരുകുകയാണെന്നും ഈയിനത്തിൽ എഴുതിത്തള്ളുന്ന തുകയുടെ തോത് ഉയരുകയാണെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യൻ എക്‌സ്പ്രസ് ദിനപത്രമാണ് പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം സംബന്ധിച്ച് റിസർവ് ബാങ്കിൽനിന്ന് വിവരവകാശ രേഖയിലൂടെ ലഭിച്ച കണക്കുകൾ പുറത്തുവിട്ടത്. 2004 മുതൽ 2015 വരെയുള്ള കാലയളവിൽ 2.11 ലക്ഷം കോടിയുടെ കിട്ടാക്കടമാണ് ബാങ്കുകൾ എഴുതിത്തള്ളിയത്. ഇതിൽ പകുതിയിലേറെയും 2013 മുതൽ 2015 വരെയുള്ള മൂന്നു വർഷം കൊണ്ടാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

1.14 ലക്ഷം കോടി രൂപയാണ് ഈ കാലയളവിൽ ബാങ്കുകൾ എഴുതിത്തള്ളിയത്. 2004 മുതൽ 2012 വരെ നാലു ശതമാനം എന്ന നിരക്കിലായിരുന്നു കിട്ടാക്കടത്തിന്റെ വർധന. പിന്നീടുള്ള മൂന്നു വർഷം ഇത് 60 ശതമാനമായി കുതിച്ചുയർന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയാണ് കിട്ടാക്കടം എഴുതിത്തള്ളുന്നതിൽ മുന്നിൽ. 21,313 കോടിയാണ് 2015ൽ മാത്രം എസ്ബിഐ ഈയിനത്തിൽ എഴുതിത്തള്ളിയത്. ബാങ്കുകൾ കിട്ടാക്കടത്തിന്റെ മൊത്തം കണക്കാണ് ആർബിഐയ്ക്കു സമർപ്പിക്കുന്നത് എന്നതിനാൽ വൻകിട ബിസിനസുകാരുടെയും കോർപ്പറേറ്റുകളുടെയും വായ്പ എഴുതിത്തള്ളിയതു സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലെന്നാണ് റിസർവ് ബാങ്ക് വിവരാവകാശ അപേക്ഷയ്ക്കു നൽകിയിരിക്കുന്ന മറുപടി.

Topics:

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക