കൊച്ചി സിറ്റി ഗ്യാസ് പദ്ധതിക്ക് തുടക്കം

By: web Editor | February 19, 2016

kochi-city-gas-projectകൊച്ചി: പാചകത്തിനുള്ള പ്രകൃതിവാതകം പൈപ്പ് ലൈനിലൂടെ നേരിട്ട് വീടുകളില്‍ എത്തിക്കുന്നതിനുള്ള കൊച്ചി സിറ്റി ഗ്യാസ് പദ്ധതിക്ക് നാളെ തുടക്കം. കളമശേരി മെഡി. കോളജിന് കണക്ഷന്‍ നല്‍കിക്കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുക. മെഡി. കോളജിലെ കാന്റീനിലും അഞ്ച് ഹോസ്റ്റല്‍ മെസ്സുകള്‍ക്കും സമീപത്തെ പത്ത് വീടുകളിലുമാണ് ആദ്യഘട്ടത്തില്‍ പാചകവാതകമെത്തിക്കുക.

ദ്രവീകൃത പ്രകൃതി വാതകമാണ് സിറ്റി ഗ്യാസ് പദ്ധതി വഴി നല്‍കുന്നത്. അദാനി ഗ്രൂപ്പും ഇന്ത്യന്‍ ഓയില്‍ കോപ്പറേഷനും ചേര്‍ന്ന സംയുക്ത സംരംഭമായ ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണ് പദ്ധതിയുടെ ചുമതല. പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലില്‍ നിന്നാണ് പ്രകൃതിവാതകം വിതരണം ചെയ്യുന്നത്. കൊച്ചിയിലെ പ്രമുഖ വ്യവസായശാലകള്‍ക്ക് എല്‍എന്‍ജി വിതരണം ചെയ്യുന്നതിനായി ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ നിലവില്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഈ പൈപ്പ്‌ലൈനുമായി ചെറിയ പൈപ്പുകള്‍ ബന്ധിപ്പിച്ചാണ് സിറ്റി ഗ്യാസ് പദ്ധതിയിലൂടെ പ്രകൃതിവാതകം വിതരണം ചെയ്യുന്നത്. ഇപ്പോള്‍ ഉപയോഗിക്കുന്ന എല്‍പിജിയില്‍ നിന്ന് പൈപ്പ്ഡ് ഗ്യാസിലേക്ക് മാറുമ്പോള്‍ ചെലവ് 40 ശതമാനം വരെ കുറയുമെന്നാണ് പ്രതീക്ഷ. ഇറക്കുമതി ചെയ്യുന്ന എല്‍എന്‍ജിക്ക് ഒരു യൂനിറ്റിന് 19 ഡോളര്‍ ചെലവ് വരുമ്പോള്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന ഗ്യാസിന് പുതുക്കിയ നിരക്ക് പ്രകാരം 8.4 ഡോളര്‍ മാത്രമേ വരുന്നുള്ളൂ. എല്‍പിജിയെ അപേക്ഷിച്ച് പതിനഞ്ച് ശതമാനത്തോളം വിലക്കുറവാണ് പ്രകൃതിവാതകത്തിന്. യൂണിറ്റിന് ഇരുപത്തിനാല് രൂപ നിരക്കിലാണ് വില ഈടാക്കുക.

എല്‍പിജിയെ അപേക്ഷിച്ചു പ്രകൃതിവാതകത്തിനു കൂടുതല്‍ ഇന്ധനക്ഷമതയുമുണ്ട്. വീടുകളില്‍ ഒരു യൂണിറ്റ് ഏതാണ്ട് ഒരാഴ്ചയോളം ഉപയോഗിക്കാനാകും. ഉരുക്ക് നിര്‍മിതമായ പൈപ്പുകള്‍ വഴിയാണ് വീടുകളിലും ഫഌറ്റുകളിലും വാതകം എത്തിക്കുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ കൊച്ചി നഗരത്തിലും സമീപമേഖലയിലും സിറ്റി ഗ്യാസ് ലഭ്യമാക്കാനാണ് പദ്ധതി. സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ നഗരമാണ് കൊച്ചിയെന്ന് അദാനി ഗ്യാസ് സിഇഒ രാജീവ് ശര്‍മ്മ വ്യക്തമാക്കി.

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക