കൊച്ചി ഇനി സ്മാര്‍ട്ട് സിറ്റി

By: web Editor | February 20, 2016

കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമായി. കാക്കനാട് ഇടച്ചിറയില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യ ഘട്ടം യുഎഇ കാബിനറ്റ്കാര്യ മന്ത്രിയും ദുബൈ ഹോള്‍ഡിങ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് സിങ് റൂഡി, മന്ത്രി പികെ കുഞ്ഞാലിക്കുട്ടി, ദുബൈ ഹോള്‍ഡിങ് വൈസ് ചെയര്‍മാനും എംഡിയുമായ അഹമ്മദ് ബിന്‍ ബ്യാത്, സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡിലെ പ്രത്യേക ക്ഷണിതാവ് എംഎ യൂസുഫലി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. kochi-smart-city

246 ഏക്കര്‍ വരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്ത് ഒന്നാം ഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആറരലക്ഷം ചതുരശ്രയടിയിലുള്ള ഐടി ടവര്‍ ഉള്‍പ്പെടുന്ന കെട്ടിടമാണ് ഉദ്ഘാടനം ചെയ്തത്. രണ്ടാമത്തെ കെട്ടിട നിര്‍മാണത്തിന്റെ ശിലാസ്ഥാപനവും ചടങ്ങില്‍ നടന്നു. കെവി തോമസ് എംപി, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, എംഎല്‍എമാരായ ഹൈബി ഈഡന്‍, ബെന്നി ബെഹനാന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഐടി വികസനം ലക്ഷ്യമാക്കിയുള്ള രണ്ടാം ഘട്ടവും മൊബിലിറ്റി ഹബുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ എന്നിങ്ങനെ അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമിടുന്ന മൂന്നാംഘട്ടവുമാണ് വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുക.

അതേസമയം, പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തിരക്കിട്ട് ഉദ്ഘാടനം നടത്തുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അഴിമതിക്കാരായ ഉമ്മന്‍ചാണ്ടിയെയും മന്ത്രി കെ ബാബുവിനെയും ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിന്റെ കൂടി ഭാഗമാണ് ചടങ്ങില്‍ നിന്നുള്ള വിട്ടുനില്‍ക്കലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് വ്യക്തമാക്കി.

2005 സെപ്റ്റംബറിലാണ് യുഡിഎഫ് സര്‍ക്കാറും ടീകോമുമായുള്ള ധാരണാപത്രം ഒപ്പുവെച്ചത്. പിന്നീട് 2007ല്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് സ്മാര്‍ട്ട് സിറ്റി കരാറും ഒപ്പിട്ടു. 2013ലാണ് അദ്യ ഘട്ടത്തിന്റെ നിര്‍മാണം ആരംഭിച്ചത്.

ആദ്യ ഘട്ടത്തില്‍ 27 കമ്പനികളാണ് സ്മാര്‍ട്ട് സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിക്കുക. അടുത്ത മൂന്ന്-നാല് മാസങ്ങള്‍ക്കുള്ളില്‍ കമ്പനികള്‍ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 5500 പേര്‍ക്ക് ജോലി ലഭിക്കും. നിലവില്‍ മാള്‍ട്ടയിലും ദുബായിലുമാണ് സ്മാര്‍ട്ട് സിറ്റിയുള്ളത്.

Topics:  

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക