ഫ്രീഡം 251ന് രണ്ടു ദിവസത്തിനുള്ളില്‍ ലഭിച്ചത് അഞ്ച് കോടി ഓര്‍ഡറുകള്‍

By: web Editor | February 20, 2016

കൊച്ചി: ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ എന്ന അവകാശവാദവുമായി അവതരിപ്പിച്ച ഫ്രീഡം 251ന് രണ്ടു ദിവസം കൊണ്ട് ലഭിച്ചത് അഞ്ചു കോടിയോളം ഓര്‍ഡറുകള്‍. താങ്ങാവുന്നതിലധികം ഓര്‍ഡറുകള്‍ വന്ന സാഹചര്യത്തില്‍ രജിസ്‌ട്രേഷന്‍ നിര്‍ത്തിവയ്ക്കാനുള്ള ആലോചനയിലാണ് നിര്‍മാതാക്കള്‍. അതേസമയം കേവലം 251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ എന്ന വാഗ്ദാനം നടപ്പാവുമോയെന്ന സംശയം ഇനിയും തീര്‍ന്നിട്ടില്ല.freedom-251

251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ എന്ന വാഗ്ദാനത്തിന് അഭൂതപൂര്‍വമായ പ്രതികരണമാണ് ജനങ്ങളില്‍ നിന്നുണ്ടായത്. സെക്കന്‍ഡില്‍ ആറു ലക്ഷം എന്ന നിരക്കിലാണ് വെബ്‌സൈറ്റില്‍ ഹിറ്റ് രേഖപ്പെടുത്തിയതെന്ന് നിര്‍മാതാക്കളായ റിങ്ങിങ് ബെല്‍സ് കമ്പനി അവകാശപ്പെടുന്നു. താങ്ങാനാവാത്ത ട്രാഫിക്കിനെത്തുടര്‍ന്ന് പലവട്ടം സര്‍വര്‍ ഡൗണ്‍ ആയെങ്കിലും രണ്ടു ദിവസം കൊണ്ട് അഞ്ചു കോടിയോളം രജിസ്‌ട്രേഷനുകള്‍ ലഭിച്ചെന്ന് റിങ്ങിങ് ബെല്‍സ് പ്രസിഡന്റ് അശോക് ഛദ്ദ അറിയിച്ചു.

ഞായറാഴ്ച രാത്രി എട്ടു മണി വരെ രജിസ്‌ട്രേഷന് അവസരമുണ്ടായിരിക്കുമെന്നാണ് കമ്പനി നേരത്തെ അറിയിച്ചിരുന്നത്. വന്‍തോതില്‍ ഓര്‍ഡറുകള്‍ വന്നതിനാല്‍ രജിസ്‌ട്രേഷന്‍ നേരത്തെ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് നിര്‍മാതാക്കള്‍. ആദ്യം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ആദ്യം എന്ന നിലയില്‍ ഏപ്രില്‍ പത്തു മുതല്‍ വിതരണം തുടങ്ങുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. ജൂണ്‍ 30ന് ആദ്യഘട്ട വിതരണം പൂര്‍ത്തിയാക്കും. ഫോണ്‍ നിര്‍മാണത്തിന് നോയിഡയിലും ഉത്തരാഖണ്ഡിലും ഫാക്ടറികള്‍ സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

അതേസമയം 251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ എന്ന വാഗ്ദാനം നടപ്പാവുന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. ഫോണിന്റെ നിര്‍മാണ ചെലവ് രണ്ടായിരം രൂപയിലേറെയാണെന്നാണ് കമ്പനി അധികൃതര്‍ തന്നെ അറിയിച്ചിട്ടുള്ളത്. ഉയര്‍ന്ന ചെലവില്‍ നിര്‍മിക്കുന്ന ഫോണ്‍ വില കുറച്ചു നല്‍കുന്നതിന് യുക്തിഭദ്രമായ വിശദീകരണം നല്‍കാന്‍ കമ്പനിക്കായിട്ടുമില്ല.

Topics:

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക