എണ്ണവില ഇടിവ് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് ഐഎംഎഫ്

By: web Editor | March 4, 2016

imfവാഷിങ്ടണ്‍: ആഗോള വിപണിയില്‍ എണ്ണ വിലയിലുണ്ടായ ഇടിവ് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് അന്താരാഷ്ട്ര നാണ്യനിധി. ഇത് രാജ്യത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നും ഐഎംഎഫ് വ്യക്തമാക്കി. ലോകത്ത് ഏറ്റവും കൂടുതല്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന പ്രമുഖ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവ് രാജ്യത്തെ സാമ്പത്തിക മേഖല കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഉപകരിക്കുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍. രാജ്യത്തെ ചരക്ക് സേവന മേഖലയില്‍ കൂടുതല്‍ ചിലവഴിക്കാന്‍ ഇതിലൂടെ ഇന്ത്യക്ക് സാധിക്കും. രാജ്യത്തെ പണപ്പെരുപ്പം കുറക്കാനാകുമെന്നും ഐഎംഎഫ് വലിയിരുത്തുന്നു. അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ 7.3 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നും ഐഎംഎഫ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ 7.3 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് ഐഎംഎഫ് കണക്കു കൂട്ടിയിരുന്നത്. രാജ്യത്തേക്കു വരുന്ന നിക്ഷേപം ഇനിയും വര്‍ധിക്കേണ്ടതുണ്ട്. ഇന്ത്യയിലെ ബാങ്കുകളില്‍ കുന്നുകൂടുന്ന കിട്ടാക്കടം രാജ്യത്തിന്റെ വളര്‍ച്ചയക്ക് തിരിച്ചടിയാകുമെന്നും ഐഎംഎഫ് മുന്നറിയിപ്പു നല്‍കുന്നു. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത രാജ്യത്തെ കയറ്റുമതിയെയും ബാധിച്ചിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ഐഎംഎഫ് വ്യക്തമാക്കി. അതേസമയം പൊതുമേഖലാ ബാങ്കുകളിലേക്കുള്ള മൂലധന നീക്കിയിരിപ്പ് ഏറെ ഗുണം ചെയ്യുമെന്നും ഐഎംഎഫ് അറിയിച്ചു. ഇതിനു പുറമെ പൊതുമേഖലാ ബാങ്കുകളില്‍ നടപ്പാക്കാനിരിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് ഏറെ ഗുണകരമാകുമെന്നും അന്താരാഷ്ട്ര നാണ്യനിധി അറിയിച്ചു.

Topics:  

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക