ലേലത്തിനിടെ ആശയക്കുഴപ്പം: യുവരാജിന് കൂടുതല്‍ തുക നല്‍കിയെന്ന് വിജയ് മല്യ

By: web Editor | February 13, 2014

vijay-malya-in-ipl-auctionബാംഗ്ലൂര്‍: ഐ.പി.എല്‍ താരലേലത്തില്‍ യുവരാജ് സിംഗിന് നല്‍കിയ തുക ഐ.പി.എല്‍ സംഘാടകരുടെ പിഴവുമൂലം കൂടിപ്പോയെന്നു കാണിച്ച് വിജയ് മല്യ പരാതി നല്‍കി. 14 കോടി രൂപയ്ക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ യുവിയെ സ്വന്തമാക്കിയത്.

കിംഗ്‌സ് ഇലവന്‍ പഞ്ചാബും രാജസ്ഥാന്‍ റോയല്‍സുമായിരുന്നു ആദ്യഘട്ടത്തില്‍ യുവിക്കു വേണ്ടി രംഗത്തുണ്ടായിരുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇടപെടലോടെ വളരെ പെട്ടെന്ന് തന്നെ ലേലതുക 10കോടിയിലെത്തുകയായിരുന്നു. 10കോടിയിലെത്തിയപ്പോള്‍ തന്നെ ഹാമര്‍ താഴ്ന്നിരുന്നതായും ലേലം നിയന്ത്രിച്ചയാള്‍ക്ക് വന്ന ആശയക്കുഴപ്പം ലേലം നീണ്ടുപോകാന്‍ കാരണമായെന്നും മല്യ ആരോപിക്കുന്നു.

13.5കോടിയിലെത്തിയപ്പോള്‍ യുവിക്കു വേണ്ടിയുള്ള ലേലത്തില്‍ നിന്നു നൈറ്റ് റൈഡേര്‍സ് പിന്മാറിയിരുന്നു. അവിടെ നിന്ന് 50ലക്ഷം രൂപ അധികം നല്‍കിയാണ് മല്യയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ യുവിയെ നേടിയത്.

തങ്ങളെ സംബന്ധിച്ചിടത്തോളം 10കോടിയായപ്പോള്‍ ഹാമര്‍ താഴ്ത്തിയിരുന്നതായും ഇതുസംബന്ധിച്ച് പുനപരിശോധന നടത്താന്‍ ഐ.പി.എല്‍ ഗവേണിംങ് ബോഡിക്ക് ഔദ്യോഗികമായി കത്ത് നല്‍കിയിട്ടുണ്ടെന്നും മല്യ ടൈംസ് നൗ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഐപിഎല്‍ ചെയര്‍മാന്‍ രഞ്ജീബ് ബിസ്വാള്‍ ആര്‍.സി.ബിയുടെ പരാതി ലഭിച്ചതായും എന്നാല്‍ അന്തിമതീരുമാനം ലേലംവിളിക്കുന്നവന്റെയാണെന്നുമാണ് പ്രതികരിച്ചത്. ‘ആര്‍.സി.ബി യുവരാജ് സിംഗിനെ 14കോടിക്കു പകരം 10കോടിക്ക് നല്‍കണമെന്ന ആവശ്യവുമായി പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്നും’ ബിസ്വാള്‍ അറിയിച്ചിട്ടുണ്ട്.

‘റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റനായ വിരാട് കോഹ്ലിക്ക് യുവിയെ ടീമിലെടുക്കണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു. അധികതുകയായി 4കോടി നല്‍കേണ്ടി വന്നത് ദൗര്‍ഭാഗ്യകരമായിപ്പോയി. എന്നാല്‍ ലേലംവിളിക്കുന്നവന്റെ തീരുമാനമാണ് അന്തിമമെന്നും’ മല്യ പിന്നീട് അറിയിച്ചു. ’10കോടിയിലെത്തിയപ്പോള്‍ ഹാമ്മര്‍ താഴ്ന്നത് എല്ലാവരും കണ്ടതാണ്, എന്നാല്‍ ലേലം തുടരാനായിരുന്നു തീരുമാനമെന്നും ജീവിതം മുന്നോട്ട് തന്നെ പോകണമെന്നും’ മല്യ പിന്നീട്‌ അറിയിച്ചിട്ടുണ്ട്.

കോഹ്ലി, ക്രിസ്‌ഗെയ്ല്‍, ഡിവില്ലിയേഴ്‌സ്,യുവരാജ് എന്നിവരാല്‍ ശക്തമാണ് ഇപ്പോള്‍ ആര്‍.സി.ബി നിര.

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക