ഫീല്‍ ഗുഡ് ദിലീപേട്ടന്‍

By: അഖില്‍ കെ രാജു | May 1, 2015

ഭരതന്റെ താരതമ്യേന ശ്രദ്ധിക്കപ്പടാതെ പോയ ചിത്രമാണ് നിദ്ര. നിദ്രയുടെ റീമേക്കായിരുന്നു ഭരതന്റെ മകന്‍ സിദ്ധാര്‍ത്ഥന്റെ ആദ്യ സംവിധാനസംരംഭം. നിദ്രയിലൂടെ മലയാളപ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒരു സംവിധായകനാകാന്‍ സിദ്ധാര്‍ത്ഥിനായി. ആ പ്രതീക്ഷയുടെ തുടര്‍ച്ചയെന്നോണമാണ് ചന്ദ്രേട്ടന്‍ എവിടെയാ എന്ന രണ്ടാമത്തെ ചിത്രവുമായി സിദ്ധാര്‍ത്ഥ് എത്തിയിരിക്കുന്നത്.

chandrettan-evideya-2

പതിവ് ആള്‍ക്കൂട്ട ആഘോഷ ചിത്രത്തില്‍ നിന്നും ജനപ്രിയനായകന്‍ ദിലീപ് കളം മാറി ചവിട്ടുകയാണ് ചന്ദ്രേട്ടനിലൂടെ. സിദ്ധാര്‍ത്ഥാകട്ടെ കുടുംബപ്രേക്ഷകരെയാണ് കൂടുതലായും ലക്ഷ്യം വെയ്ക്കുന്നത്. കുടുംബചിത്രം എന്നതിലുപരി എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് ചിത്രം എത്തുന്നത്.

സെക്രട്ടറിയേറ്റിലെ അസോസിയേറ്റ് സെക്ഷന്‍ ഓഫീസറായ ചന്ദ്രമോഹനായാണ് ചിത്രത്തില്‍ ദിലീപ് എത്തുന്നത്. ചന്ദ്രമോഹന്റെ ഭാര്യ സുഷമയായി എത്തുന്നത് അനുശ്രീയാണ്. ഡയമണ്ട് നെക്ലേസിലെ രാജശ്രീയുടെ തുടര്‍ച്ചയാണ് സുഷമ. സുഷമയുടെ ആവശ്യത്തിനും അനാവശ്യത്തിനുമുള്ള ഫോണ്‍വിളികളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.chandrettan-evideya-5

സുഷമയായുള്ള അനുശ്രീയുടെ സ്വാഭാവികമായ പ്രകടനം കൈയ്യടി അര്‍ഹിക്കുന്നു. ഗീതാഞ്ജലി എന്ന നര്‍ത്തകിയായാണ് ചിത്രത്തില്‍ നമിതാ പ്രമോദ് എത്തുന്നത്. നമിതയ്ക്ക് സ്ഥിരം വേഷത്തില്‍ കവിഞ്ഞ് കൂടുതലൊന്നും ഈ ചിത്രത്തില്‍ ചെയ്യാനില്ല. സുരാജ് വെഞ്ഞാറമൂട് പതിവ് രീതികളില്‍ നിന്നും മാറി സംഭാഷണങ്ങളില്‍ മിതത്വം വരുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്. ദിലീപിന്റെ സഹചാരിയായ സുമേഷ് നായരായെത്തിയ സൗബിന് ലഭിച്ച വേഷം ഭംഗിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മലയാള സിനിമയിലെ മികച്ച സ്വാഭാവനടിമാരിലൊരാളായ കെപിഎസി ലളിതയ്ക്ക് അനായാസം ചെയ്യാവുന്ന റോളായിരുന്നു ചിത്രത്തിലേത്. സന്തോഷ് എച്ചിക്കാനം ഒരുക്കിയ തിരക്കഥയും നര്‍മ്മത്തില്‍ പൊതിഞ്ഞ സംഭാഷണങ്ങളുമാണ് ചിത്രത്തിന്റെ നട്ടെല്ലാകുന്നത്.

വിവാഹേതരബന്ധം പ്രമേയമാക്കുന്ന ചിത്രം യാഥാര്‍ത്ഥ്യവും കാല്‍പ്പനികതയും ഇഴകലര്‍ത്തിയാണ് ഒരുക്കിയിരിക്കുന്നത്. പ്രശാന്ത് പിള്ള ഒരുക്കിയ ഗാനങ്ങള്‍ ചിത്രത്തിന്റെ ഒഴുക്കിന് തടസ്സം വരുത്തുന്നില്ല. ഷൈജു ഖാലിദിന്റെ ക്യാമറ അനന്തപുരിയുടെ സൗന്ദര്യം പകര്‍ത്തിയെടുക്കുന്നു.

chandrettan-evideyaa-3

ഫീല്‍ ഗുഡ് ചിത്രങ്ങളുടെ പട്ടികയില്‍ പെടുത്താവുന്ന ചിത്രമാണ് ചന്ദ്രേട്ടന്‍ എവിടെയാ. തീയറ്ററില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ പോസിറ്റീവ് ഫീലാണ് ഈ ചിത്രം നല്‍കുന്നത്. ജനപ്രിയനായകന് കുടുംബപ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ സാധിക്കുന്ന ചിത്രമാണ്. സാധാരണ സിനിമാപ്രേമിയേയും ചിത്രം നിരാശപ്പെടുത്തുന്നില്ല.

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക