ക്ലീഷേ ചിരി ഉണര്‍ത്തുന്ന കിനാവുകള്‍

By: അഖില്‍ കെ രാജു | May 3, 2015

ഹോളിവുഡ് സിനിമ കാണുന്നവര്‍ക്ക് സുപരിചിതമായ ശൈലിയാണ് സ്പൂഫ്. തമിഴ്, തെലുങ്ക്, ഹിന്ദിയടക്കം മറ്റു ഇന്ത്യന്‍ ഭാഷകളിലും സ്പൂഫുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളത്തില്‍ ഒരു മുഴുനീള സ്പൂഫ് ചിത്രമെടുക്കാന്‍ സംവിധായകരാരും ഇതുവരെ മുതിര്‍ന്നിട്ടില്ല. ഈ കുറവ് നികത്തുന്ന ചിത്രമാണ് ചിറകൊടിഞ്ഞ കിനാവുകള്‍.chirakodinja-kinavukalപ്രവീണ്‍ എസ് തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖമായ സന്തോഷ് വിശ്വനാഥാണ്. ഗുരുക്കന്‍മാര്‍ക്കോ അച്ഛന്‍മാര്‍ക്കോ അളിയന്‍മാര്‍ക്കോ അല്ല ചിത്രം സമര്‍പ്പിക്കുന്നത്…കാശ് മുടക്കി ഇത് കാണാന്‍ തയ്യാറായ നിങ്ങള്‍ (പ്രേക്ഷകര്‍) ക്ക് തന്നെ എന്ന ടൈറ്റിലിലൂടെയാണ് ചിത്രം തുടങ്ങുന്നത്. ഈ ടൈറ്റിലിനോട് നീതി പുലര്‍ത്തിയാണ്  ചിത്രത്തിലെ നായകനായ അംബുജാക്ഷന്‍ ചിറകൊടിഞ്ഞ കിനാക്കളെന്ന കഥ പറയുന്നത്. അഴകിയ രാവണനു ശേഷം വര്‍ഷങ്ങള്‍ ഇത്ര കടന്നുപോയിട്ടും മലയാളികള്‍ ഇന്നും ഓര്‍ക്കുന്നതാണ് ഈ കഥപറച്ചില്‍ രംഗം.

chirakodinja-kinavukal-2

ഈ കഥയെ അടിസ്ഥാനമാക്കുന്നതോടൊപ്പം മലയാള സിനിമയില്‍ നിലനില്‍ക്കുന്ന ക്ലീഷേകളും ചിത്രം അവതരിപ്പിച്ചിരിക്കുന്നു. ക്ലീഷേകളെ ഉപയോഗിച്ച് ചിത്രം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ഇതിലൂടെ കാണികളെ ചിരിപ്പിക്കാനും ചിത്രം ശ്രമിക്കുന്നു. എസ്എസ്എസ്എല്‍സി, ന്യൂജനറേഷന്‍ മുതല്‍ ഓള്‍ഡ് ജനറേഷന്‍ താരങ്ങള്‍, മലയാളസിനിമയിലെ ഐതിഹാസിക കഥാപാത്രങ്ങള്‍, ഡോക്ടര്‍മുതല്‍ നായികയുടെ അമ്മയുടെ സ്വഭാവരീതി വരെ പല ക്ലീഷേകളും പ്രവീണ്‍ എസ് കഥയില്‍ കൃത്യമായി ഉപയോഗിക്കുന്നുണ്ട്.

എഴുത്തുകാരനായ തയ്യല്‍ക്കാരനായി ശ്രീനിവാസനും, തയ്യല്‍ക്കാരനും യുകെ ക്കാരനുമായി കുഞ്ചാക്കോ ബോബനും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. കുഞ്ചാക്കോ ബോബന്റെ രൂപമാറ്റങ്ങള്‍ ആകര്‍ഷകമായി. സുമതിയായി എത്തിയ റീമ സമീപകാലത്ത് ലഭിച്ച മികച്ച വേഷം ഭംഗിയാക്കി. ജോയ് മാത്യു, ശ്രിന്ദ അഷാബ്, ജേക്കബ് ഗ്രിഗറി, സുനില്‍ സുഖദ എന്നിവരും മോശമാക്കിയില്ല. ഇന്നസെന്റ്, ലാലു അലക്‌സ് എന്നിവരുടെ അതിഥി വേഷങ്ങളും ചിരിയുണര്‍ത്തുന്നു.chirakodinja-kinavukal-6

സിനിമാ പ്രവര്‍ത്തകരുടെ ക്ലീഷേകളോടുള്ള പ്രണയത്തെ കളിയാക്കുന്നതിനോടൊപ്പം എന്തിലും കുറ്റം മാത്രം കണ്ടെത്തുന്ന മലയാളി പ്രേക്ഷകനെയും ചിത്രം പരിഹസിക്കുന്നുണ്ട്. മലയാളത്തിലെ സ്പൂഫിന് തുടക്കമിട്ട ചിറകൊടിഞ്ഞ കിനാവുകള്‍ ഇനിയും ഇത്തരം പരീക്ഷണങ്ങള്‍ക്ക് സിനിമാപ്രേക്ഷകരെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. യാഥാര്‍ത്ഥ്യത്തെ തിരശീലയില്‍ അവതരിപ്പിക്കാത്ത കച്ചവടചിത്രങ്ങളുടെ നട്ടെല്ലിലായ്മ ചോദ്യം ചെയ്തുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. മലയാളസിനിമയിലെ ക്ലീഷേകള്‍ കണ്ടു മടുത്തവര്‍ക്കും, അതു കണ്ടു ചിരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും ധൈര്യപൂര്‍വ്വം ഈ ചിത്രം കാണാം.

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക