പ്യൂണ്‍ ആകാന്‍ ഡോക്ടര്‍മാര്‍ ക്യൂവിലാണ്

By: ഡി ധനസുമോദ് | September 17, 2015

ഉത്തര്‍പ്രദേശ് സെക്രട്ടേറിയേറ്റിലേക്ക് പ്യൂണ്‍ പോസ്റ്റില്‍ അപേക്ഷ ക്ഷണിച്ചപ്പോള്‍ എത്തിയ പ്രതികരണം കണ്ട് മൂക്കത്ത് വിരല്‍ വച്ച് ഇരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. 368 പോസ്റ്റിലേക്ക് എത്തിയത് 23 ലക്ഷം അപേക്ഷകളാണ്. അഞ്ചാം ക്ലാസ് ആണ് അടിസ്ഥാന യോഗ്യതയായി കാണിച്ചിരുന്നതെങ്കിലും ഉന്നത വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ അപേക്ഷകരായി എത്തി. 255 പിഎച്ച്ഡിക്കാര്‍, ഡിഗ്രിയും പിജിയും ഉള്ള രണ്ട് ലക്ഷത്തോളം പേരും ഉണ്ടായിരുന്നു. ഇവരില്‍ ബിടെക്, എംഎസ്‌സി, എംകോം സര്‍ട്ടിഫിക്കറ്റ് ഉള്ളവരും പതിനായിരക്കണക്കിന് ആയിരുന്നു. രാജ്യത്തെ തൊഴിലില്ലായ്മയിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു യാഥാര്‍ത്ഥ്യം കൂടിയാണ് ഈ കണക്കുകള്‍.Applicants

സര്‍ക്കാര്‍ ജോലിയോടുള്ള അഭിനിവേശം കൊണ്ടാണോ ഇത്രയും പേര്‍ അപേക്ഷിച്ചതെന്ന് ഒരു സുഹൃത്ത് ചോദിച്ചു. ദേശാഭിമാനി അസോസിയെറ്റ് എഡിറ്റര്‍ പിഎം മനോജ് ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റിനെക്കുറിച്ച് പറഞ്ഞു. തുണിക്കടയില്‍ സെയില്‍സ് ഗേള്‍ ആയി നില്‍ക്കുന്ന കുട്ടിയോട് വിദ്യാഭ്യാസ യോഗ്യത ചോദിച്ചപ്പോള്‍ കേട്ട ഉത്തരം ബിടെക് എന്നായിരുന്നു. സര്‍ക്കാര്‍ ജോലിയോടുള്ള അഭിനിവേശം മാത്രമല്ല തൊഴിലില്ലായ്മ വാ പൊളിച്ചു നില്‍ക്കുകയും വിദ്യാഭ്യാസ വായ്പകള്‍ കാലിലെ കനത്ത ചങ്ങലയായി തീരുകയും ചെയ്യുമ്പോള്‍ അവിടെ ഫോര്‍ ക്ലാസും വെള്ളകോളര്‍ പകിട്ടുമൊന്നും ആരും നോക്കില്ല.

ഓള്‍ഡ് ഡല്‍ഹി ,നിസ്സാമുദ്ദിന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ചെന്നാല്‍ കാണാം ഉത്തര്‍പ്രദേശില്‍ നിന്നും ഹരിയാനയില്‍ നിന്നുമൊക്കെ ഒരു അന്തവും കുന്തവും ഇല്ലാതെ ഗ്രാമീണര്‍ ഡല്‍ഹി മഹാനഗരത്തിലേക്ക് ഒഴുകിയെത്തുന്നത്. ഇവിടെ എത്തി റിക്ഷ വലിച്ചും കൂലിവേല ചെയ്തും ഡല്‍ഹിക്കാരന്‍ ആകുന്നു. കൃഷി ഉപേക്ഷിച്ച് പട്ടണത്തില്‍ വന്നു നഗര ദരിദ്രന്മാരുടെ ഭാഗമാകുകയാണ് ഇവര്‍ ചെയ്യുന്നത്. കൃഷിയില്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുകയും പുതിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ഗ്രാമീണര്‍ക്കും തൊഴില്‍ ഇല്ലാതെ ആകുന്നു.

hardic-patelഏറ്റവും കൂടുതല്‍ യുവാക്കള്‍ ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. തൊഴില്‍ കിട്ടാത്തത് സംവരണം മൂലമാണ് എന്ന് വിശ്വസിച്ച് പട്ടേല്‍മാരും ഗുജ്ജര്‍മാരും പ്രക്ഷോഭവുമായി ഇറങ്ങുമ്പോള്‍ സംവരണത്തിന് അര്‍ഹതയുള്ള ദളിതര്‍ തൊഴിലും ഭൂമിയും ജീവിത മാര്‍ഗവും ഇല്ലാതെ നട്ടം തിരിയുന്നതും കാണുന്നു. സ്‌കില്‍ ഇല്ലാത്തതാണ് പ്രശ്‌നം എന്ന് ചൂണ്ടിക്കാട്ടി സ്‌കില്‍ ഇന്ത്യയുമായി കേന്ദ്ര സര്‍ക്കാര്‍ ഇറങ്ങി തിരിച്ചിരിക്കുകയാണ്. ബിടെക്കുകാര്‍ തൊഴില്‍ ഇല്ലാത്തവരായി മാറുന്നത് സ്‌കില്‍ ഇല്ലാത്തത് കൊണ്ടല്ലല്ലോ. വിദ്യാഭ്യാസവും തൊഴിലും കൂട്ടിയിണക്കാത്തതാണ് ഒരു പരിധി വരെ തൊഴിലില്ലായ്മയ്ക്ക് കാരണമാകുന്നത്.

studentsതൊഴില്‍ തേടി അലയാന്‍ അല്ലാതെ തൊഴില്‍ കൊടുക്കുന്നവരായി മാറാന്‍ ആഗ്രഹമില്ലാത്താതാണ് മറ്റൊരു പ്രശ്‌നം. സംരഭകത്വം വളര്‍ത്തിയെടുക്കാന്‍ കുറച്ചു നാളായി കേരള സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നത് സ്വാഗതാര്‍ഹം തന്നെ. പക്ഷെ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവരില്‍ അഞ്ച് ശതമാനം പേര്‍ പോലും സംരഭകരായി മാറുന്നില്ല എന്നതാണ് പോരായ്മ. ജപ്പാനില്‍ കോഴ്‌സ് കഴിയുന്നവരില്‍ അമ്പത് ശതമാനത്തിലേറെ പേരും സംരഭകരായി മാറുന്നുണ്ട്. അതിനുള്ള സാഹചര്യവും അവിടെ ഉണ്ട്. എന്റര്‍പ്രണര്‍ഷിപ്പും അതില്‍ വിജയിച്ചവരുടെ കഥകളുമൊക്കെ നമ്മുടെ കുട്ടികളുടെ സിലബസില്‍ ഉള്‍പ്പെടുത്തണം. ഇത്തരത്തില്‍ മനോഭാവം മാറുമ്പോഴാണ് തൊഴില്‍ സംസ്‌കാരവും മാറുന്നത്. നിയമവും ചട്ടങ്ങളും മാത്രമല്ല ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയക്കാരുടെയും മനസ്ഥിതി കൂടി മാറിയാല്‍ മാത്രമാണ് തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ കഴിയുന്നത്.

(ടിവി ന്യൂ ന്യൂസ് എഡിറ്ററും, ഡല്‍ഹി ബ്യൂറോ ചീഫുമാണ് ലേഖകന്‍. നിരീക്ഷണങ്ങള്‍ വ്യക്തിപരമാണ്)

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക