ഇന്ത്യ എന്ന് ശുചിത്വ ഇന്ത്യ ആകും ?

By: ഡി ധനസുമോദ് | October 2, 2015

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂലെടുത്ത് തുടങ്ങിയ സ്വച്ഛ ഭാരത് പദ്ധതി ഇന്ന് ഒരുവര്‍ഷം പൂര്‍ത്തിയായി. ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചതിന്റെ നാലിലൊന്ന് മാത്രമാണ് പൂര്‍ത്തിയാക്കാനായത്. ശുചിത്വം പരമ പ്രധാനമാെണന്ന് മനസിലാക്കാന്‍ ക്ലീന്‍ ഇന്ത്യ ക്യാമ്പെയ്ന്‍ ഉപകരിച്ചെന്നും ജനമനസുകളില്‍ മാറ്റം വരുത്തിയെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം നടത്തിയ ആദ്യ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് വൃത്തിയുള്ള ഇന്ത്യയ്ക്ക് വേണ്ടി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്. swach-bharath-0

ക്ലീന്‍ ഇന്ത്യ പദ്ധതിക്കായി 9800 കോടിയുടെ സാമ്പത്തിക സഹായം ലോകബാങ്ക് നല്‍കും. കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ തുടങ്ങിവച്ച സ്വച്ഛഭാരത് പദ്ധതിയുടെ ഭാഗമായി 13 കോടി നാലുലക്ഷം ശുചിമുറി നിര്‍മാണത്തിനായി ഇന്ത്യയെ സഹായിക്കാനാണ് ലോക ബാങ്ക് തീരുമാനിച്ചിരിക്കുനത്.

എല്ലാവര്‍ക്കും ശുചിമുറി എന്നത് ഐക്യരാഷ്ട്ര സഭയുടെ 17 ലക്ഷ്യങ്ങളില്‍ ഒന്നാണ്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ശുചിമുറികളില്‍ 12 കോടിയും ഗ്രാമപ്രദേശത്തായിരിക്കും. രാഷ്ട്രീയ നേതൃത്വം തന്നെ ശുചിത്വ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതാണ് സഹായം നല്‍കാന്‍ ലോകബാങ്കിനെ പ്രേരിപ്പിച്ചത്. കൃത്യമായ മേല്‍നോട്ടത്തില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം എന്നാണ് ലോകബാങ്കിന്റെ വ്യവസ്ഥ. ഈ നിബന്ധന ഇന്ത്യയെ കുഴപ്പിച്ചേക്കും. ആദ്യഘട്ടത്തില്‍ നഗര മേഖലയില്‍ 25 ലക്ഷം ശുചിമുറികള്‍ നിര്‍മ്മിക്കാനാണ് പദ്ധതി ഇട്ടിരുന്നെങ്കിലും 4.60 ലക്ഷം മാത്രമാണ് പൂര്‍ത്തിയാക്കാനായത്. ഒരു ലക്ഷം പൊതു ശുചിമുറി പ്രഖ്യാപിച്ചെങ്കിലും നിര്‍മ്മാണം 25000 ത്തില്‍ ഒതുങ്ങി.  toilet-festival

മാലിന്യത്തില്‍ നിന്നും വൈദുതി ഉല്പാദിപ്പിക്കുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുന്ന കാഴ്ചയാണ് കാണുന്നത്. ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്‌കരിക്കുക എന്ന ആശയത്തോടൊപ്പം വലിയ ഖരമാലിന്യ നിര്‍മാര്‍ജ്ജന പ്ലാന്റുകളും കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഏകദേശം 1,27,486 ടണ്‍ മാലിന്യം ഇന്ത്യയില്‍ പ്രതിദിനം ഉല്‍പ്പദിപ്പിക്കുന്നു എന്നാണ് കണക്ക്. കൂറ്റന്‍ പ്ലാന്റുകള്‍ ഒരിടത്തും പൂര്‍ണ വിജയമായിട്ടില്ല എന്ന് മാത്രമല്ല ഉപേക്ഷിക്കുന്ന അവശിഷ്ടങ്ങളുടെ പേരില്‍ മിക്ക സ്ഥലത്തും പൊതുജനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തമ്മില്‍ സമരം നടക്കുകയാണ്. ഞെളിയന്‍ പറമ്പും, വിളപ്പില്‍ ശാലയുമൊക്കെ ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്. വികേന്ദീകൃത മാലിന്യ സംസ്‌കരണത്തിന്റെ വിജയ ഗാഥയുമായി ആലപ്പുഴയും തിരുവനന്തപുരവുമൊക്കെ നമ്മുടെ മുന്നിലുണ്ട്.

swach-bharath-1

ഡിസ്‌പോസിബിള്‍ ഗ്ലാസ് ഉള്‍പ്പെടെ പ്ലാസ്‌റിക് ഉപയോഗത്തിന്റെ കാര്യത്തില്‍ ശക്തമായ നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാരിനു ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്ത്യയിലെ മുന്നൂറു മില്ല്യന്‍ സ്ത്രീകളും മലമൂത്ര വിസര്‍ജ്ജനതിനായി കുറ്റിക്കാടുകളും ഇരുട്ടിന്റെ മറവും ആണ് തേടുന്നത്. ലോക ജനസംഖ്യയില്‍ തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം ചെയ്യുന്നതില്‍ 60 ശതമാനവും ഇന്ത്യക്കാരാണ്. ഈ ദുരവസ്ഥയില്‍ പോലും പ്രഖ്യാപിച്ച ലക്ഷ്യം പൂര്‍ത്തിയാക്കാതെ രാജ്യം വിഷമിക്കുന്നത്.

ശുചിത്വം പദ്ധതി കേവലം മാലിന്യം തൂത്തുവാരി വൃത്തിയാക്കുക എന്നതിനുപരി കക്കൂസ് ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുക എന്ന വലിയ ലക്ഷ്യം കൂടി ഉണ്ട്. കോടികള്‍ മുടക്കി വലിയ പരസ്യ ചിത്രങ്ങള്‍ ഇറക്കിയിട്ടും വേണ്ടത്ര പ്രയോജനം കണ്ടില്ല. ചലച്ചിത്ര താരങ്ങളായ അമീര്‍ഖാന്‍, വിദ്യാ ബാലന്‍ തുടങ്ങിയവര്‍ ക്യാമ്പെയ്‌നുമായി ഇറങ്ങിയിരുന്നു.

swach-bharath-2

ഏഴു ലക്ഷത്തിലധികം ചേരി നിവാസികള്‍ ഉള്ള ഡല്‍ഹിയില്‍ ഓരോ വീടുകള്‍ക്കും സ്വന്തമായി ടോയ്‌ലെട്ടു പ്രാവത്തികമല്ല. സമ്പന്നരുടെ വീടുകളിലെ ബാത്ത് റൂമിന്റെ അത്രപോലും വലിപ്പമില്ലാത്ത സ്ഥലമാണ് പലരുടെയും കൂര. 77 ലക്ഷം പേര്ക്ക് 300 ടോയ്‌ലെറ്റ് എന്ന പരിതാപകരമായ അവസ്ഥയിലാണ് രാജ്യതലസ്ഥാനത്തെ ചേരി നിവാസികള്‍.

swach-bharath

കേരളത്തില്‍ വീടുകളില്‍ ശുചിമുറി വ്യപകമാണെങ്കിലും ഇന്ത്യയുടെ വിവിധ ഗ്രാമങ്ങളിലും ഇതല്ല അവസ്ഥ. പുഴയോരത്തും കുറ്റിക്കാടുകളിലും ഇരുട്ടിന്റെ മറവിലുമൊക്കെ ശുചി സ്ഥലം കണ്ടെത്തുന്നത്. വിസര്‍ജ്ജനതിനായി രാത്രി പുറത്തിറങ്ങിയപ്പോള്‍ ഉത്തര്‍ പ്രദേശില്‍ രണ്ടു സഹോദരിമാരെ ബലാല്‍സംഗം ചെയ്തു മരത്തില്‍ കെട്ടിത്തൂക്കിയ സംഭവം കഴിഞ്ഞ വര്‍ഷം ഇന്ത്യയെ പിടിച്ചു ഉലച്ചിരുന്നു. എന്നിട്ട് പോലും കക്കൂസ് നിര്‍മാണ ശ്രമങ്ങള്‍ പാതി വഴിയില്‍ പോലും എത്തിയിട്ടില്ല എന്നതാണ് ദു:ഖകരമായ കാര്യം. swach-bharath-4

സ്‌കൂളുകളില്‍ ശുചി മുറി പണിയുന്നതില്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം ഫലം കണ്ടിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം 4.18 ലക്ഷം ശുചി മുറികളാണ് പൂര്‍ത്തിയായത്. ശുചിത്വ ഭാരത പദ്ധതിക്ക് 2 ശതമാനം സേവന നികുതി എന്ന നിര്‍ദേശവും സര്‍ക്കാരിന്റെ മുന്നിലുണ്ട്. കഴിഞ്ഞ ബജറ്റില്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആണ് ഈ നിര്‍ദേശം മുന്നോട് വച്ചിരിക്കുന്നത്. ഏതൊക്കെ സേവനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തണം എന്ന് തീരുമാനിച്ചിട്ടില്ല. വ്യവസായികളില്‍ നിന്നും വേണ്ടത്ര സഹായം ലഭിക്കാത്ത സാഹചര്യത്തിലാണ് ശുചിത്വ സെസ് ഏര്‍പ്പെടുതുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നത്.

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക