ശൈശവ വിവാഹത്തിനെതിരെ സംഗീത വിപ്ലവുമായി സോണിത

By: സജ്‌ന ആലുങ്ങല്‍ | October 23, 2015

സോണിത അലിസാദേ…അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഈ പത്തൊമ്പതുകാരി ലോകത്തിലെ ഓരോ പെണ്‍കുട്ടിയ്ക്കും പ്രചോദനമാണ്. ജീവിതത്തിലെ കടുത്ത പ്രതിസന്ധികളെ മറികടന്ന് വിജയതീരത്തെത്താനുള്ള പ്രചോദനം. സോണിതയ്ക്കും അത്തരം പ്രതിസന്ധികളുടെയൊരു ഭൂതകാലം പറയാനുണ്ട്.

sonita

പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് രക്ഷാമാര്‍ഗമായ ശൈശവ വിവാഹം സോണിതയ്ക്ക് മുന്നിലും വെല്ലുവിളി സൃഷ്ടിച്ചു,പത്താം വയസ്സില്‍..എന്നാല്‍ വിധിയെ തിരുത്തി എഴുതിയ സോണിത ഇന്ന് അഫ്ഗാനിലെ ശൈശവ വിവാഹത്തിനെതിരായ പോരട്ടത്തിന്റെ മുന്‍നിരയിലാണ്. അതും റാപ് സംഗീതത്തിലൂടെ.. ബ്രൈഡ്‌സ് ഫോര്‍ സെയ്ല്‍ എന്ന പേരില്‍ സോണിത പുറത്തിറക്കിയ ആല്‍ബം യുട്യൂബ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി.  ഒമ്പതിനായിരം ഡോളറിന് വില്‍ക്കപ്പെടേണ്ടിരുന്ന സോണിതയില്‍ നിന്നും റാപ് സംഗീതഞ്ജയിലേക്കുള്ള വളര്‍ച്ച അത്ര എളുപ്പമായിരുന്നില്ല.

sonita-0

കഴിഞ്ഞ ദിവസം ബിബിസി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സോണിത തന്റെ ജീവിതത്തിലെ ദുരനുഭവങ്ങള്‍ പങ്കുവെച്ചത്. സോണിതയ്ക്ക് എട്ട് വയസ്സുള്ളപ്പോഴാണ് യുദ്ധം കലശലായ അഫ്ഗാനിസ്ഥാനില്‍ നിന്ന് കുടുംബം ഇറാനിലേക്ക് താമസം മാറ്റിയത്. തന്നെ വിവാഹം കഴിപ്പിച്ചു വിടുന്നു എന്നു കേട്ടപ്പോള്‍ സോണിതയ്ക്ക് ഒട്ടും സങ്കടം തോന്നിയില്ല. കാരണം, വിവാഹജീവിതം എന്താണെന്നു പോലും അറിയാനുള്ള പ്രായം അവള്‍ക്കില്ലായിരുന്നു. പെണ്ണു കാണലിനായി ഉമ്മ അവള്‍ക്ക് പുത്തനുടുപ്പ് വാങ്ങി നല്‍കിയപ്പോഴും അവള്‍ക്ക് മറുത്തൊന്നും തോന്നിയില്ല.sonita-3

എന്നാല്‍, ആ വിവാഹാലോചന മാറിപ്പോയി. പിന്നീട് 16 വയസായപ്പോള്‍ ഉമ്മ അവളെ വീണ്ടും വിവാഹത്തിനു നിര്‍ബന്ധിച്ചു. അഫ്ഗാനിസ്ഥാനിലേക്കു മടങ്ങിപ്പോകണമെന്നും അവിടെയുള്ള സഹോദരന്റെ വിവാഹത്തിന് 7,000 ഡോളര്‍ ആവശ്യമുണ്ടെന്നും ഉമ്മ പറഞ്ഞു. സോണിതയെ വിവാഹം കഴിപ്പിച്ചു വിട്ടാല്‍ 9,000 ഡോളര്‍ കിട്ടും. ആ തുക സഹോദരനു നല്കാനാണ് അവര്‍ പദ്ധതിയിട്ടിരുന്നത്. സഹോദരനുമായി താരതമ്യം ചെയ്യുമ്പോള്‍ തനിക്ക് ഒരു വിലയുമില്ലെന്ന് മനസ്സിലാക്കിയ സോണിത ഒരു വേള ആത്മഹത്യ ചെയ്യാന്‍ പോലും തീരുമാനിച്ചിരുന്നു. എന്നാല്‍ ജീവിതം തിരിച്ചു പിടിക്കണമെന്ന വാശിയില്‍ സോണിത ഉമ്മയോടൊപ്പം അഫ്ഗാനിലേക്ക് പോകില്ലെന്ന ഉറച്ച തീരുമാനമെടുക്കുകയായിരുന്നു.sonita-6

ശൈശവ വിവാഹങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച് സോണിത റാപ് സംഗീതം റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങി. നിയമപരമായ ഒരു തിരിച്ചറിയല്‍ രേഖകളുമില്ലാത്തതിനാല്‍ സോണിതയ്ക്ക് ഇറാനില്‍ ജോലി ലഭിച്ചിരുന്നില്ല. ഒരു എന്‍ജിഒ സ്ഥാപനത്തിന്റെ ശുചിമുറികള്‍ വൃത്തിയാക്കുന്ന ജോലി അവള്‍ സ്വീകരിച്ചു. ആ പണം കൊണ്ട് അവള്‍ പഠിച്ചു. പിന്നീട് അവള്‍ കവിതകളും റാപ് വരികളും എഴുതി അത് റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങി. ഇറാനില്‍ സര്‍ക്കാരിന്റെ അനുവാദമില്ലാതെ സ്ത്രീകള്‍ക്ക് ഇവയൊന്നും ചെയ്യാന്‍ പാടില്ലെന്നിരിക്കെയാണ് സോണിത കലാപ്രവര്‍ത്തനം സ്വീകരിച്ചത്. sonita-2

ഒരു ദിവസം, വിവാഹിതയായ തന്റെ കൂട്ടുകാരിയെ കാണാനിടയായ സോണിത അവളുടെ മുഖത്ത് ചതവുകളും മുറിപ്പാടുകളും ശ്രദ്ധിച്ചു. അവളുടെ മുഖത്തു നിന്നുമാണ് മ്യൂസിക് ആല്‍ബമെന്ന ആശയം സോണിതയ്ക്കു ലഭിച്ചത്. അങ്ങനെ ബ്രൈഡ്‌സ് ഫോര്‍ സെയില്‍ എന്ന ആല്‍ബം പുറത്തിറങ്ങുകയായിരുന്നു.sonita-000
വിവാഹവേഷം ധരിച്ച് മുഖത്തു മുഴുവന്‍ മുറിവുകളും ചതവുകളുമായി നില്‍ക്കുന്ന വധുവിന്റെ വേഷത്തിലാണ് സോണിത ആല്‍ബത്തില്‍ പ്രത്യക്ഷപ്പെട്ടത്. ‘ഞാന്‍ മെല്ലെ മന്ത്രിക്കട്ടെ, അപ്പോള്‍ പെണ്‍കുട്ടികളെ വില്ക്കുന്നതിനെക്കുറിച്ചു ഞാന്‍ പറയുന്നത് ആരും കേള്‍ക്കില്ല, ശരിയത്ത് നിയമത്തിനെതിരായതിനാല്‍ എന്റെ ശബ്ദം പുറത്തുകേള്‍ക്കാന്‍ പാടില്ല…’ എന്നിങ്ങനെയാണ് റാപ് ആരംഭിക്കുന്നത്. യുട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെ ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. പിന്നീട് അഫ്ഗാന്‍ ടിവിയില്‍  സംപ്രേഷണം ചെയ്ത വീഡിയോ സോണിതയുടെ ഉമ്മയും കണ്ടു. മാസങ്ങള്‍ക്കു ശേഷം അമേരിക്കയിലെ ഉട്ടായിലെ വാസാച്ച് അക്കാദമിയില്‍ സംഗീതം പഠിക്കാനുള്ള സ്‌കോളര്‍ഷിപ്പ് സോണിതയെ തേടിയെത്തി.sonita-99
ഇപ്പോള്‍ അമേരിക്കയിലെ സ്‌കൂളില്‍ റാപ് സംഗീതത്തോടൊപ്പം, ശൈശവവിവാഹത്തിനെതിരം പ്രചാരണം നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ് സോണിത. ‘എന്റെ രാജ്യത്ത് അച്ചടക്കമുള്ള പെണ്‍കുട്ടികള്‍ നിശബ്ദരായിരിക്കണം, സ്വന്തം ഭാവിയെക്കുറിച്ച് സംസാരിക്കുന്നവരാകരുത്, മാതാപിതാക്കള്‍ പറയുന്നത് അതുപോലെ അനുസരിക്കണം. അച്ചടക്കമുള്ള പെണ്‍കുട്ടികള്‍ ഒരു പാവയെപ്പോലെയായിരിക്കണം, ആര്‍ക്കും അതിനെ തട്ടിക്കളിക്കാം. എന്റെ ഉമ്മ എന്നെ വിവാഹത്തിലൂടെ വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ വഴങ്ങിയില്ല, കാരണം ഞാന്‍ എന്റെ ഭാവി എന്റെ മനസില്‍ കുറിച്ചിട്ടിരുന്നു.’ സോണിത പറയുന്നു.sonita-9

പതിമൂന്നാം വയസ്സില്‍ വിവാഹിതയായ ഉമ്മയ്ക്ക എന്റെ ആല്‍ബത്തെ അംഗീകരിക്കാനാകുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയെന്നും തന്റെ ഏറ്റവും വലിയ ആരാധിക ഉമ്മയാണെന്നും സോണിത സന്തോഷത്തോടെ പങ്കുവെയ്ക്കുന്നു.

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക