മരിക്കാത്ത സിംഗാള്‍

By: ഡി. ധനസുമോദ് | November 17, 2015

അശോക് സിംഗാള്‍ 1984 ലാണ് വിശ്വഹിന്ദു പരിഷത്തിന്റെ ചുമതലയിലേക്ക് എത്തുന്നത്. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ധര്‍മ സന്‍സദ് എന്ന പേരില്‍ സന്യാസിമാരുടെ യോഗം വിളിക്കുകയാണ് ആദ്യം അദ്ദേഹം ചെയ്തത്. സന്യാസിമാര്‍ ചേര്‍ന്നാല്‍ കോണ്‍ഗ്രസ് തോറ്റുപോകുന്ന ഗ്രൂപ്പ് യുദ്ധമാണ്, ആരും ആരെയും അംഗീകരിക്കില്ല. ഇങ്ങനെയുള്ള ആളുകളെ ആണ് ഒരേ ചരടില്‍ കോര്‍ത്തിണക്കിയത്. ഈ സമ്മേളനത്തിലാണ് രാംജന്മഭുമി പ്രശനം ഉടലെടുക്കുന്നത്. ഇന്ത്യയെ രണ്ടായി പിളര്‍ക്കുകയും ബിജെപി രാജ്യം ഭരിക്കുന്ന ശക്തിയായി മാറുകയും ചെയ്തത് പിന്നീടുള്ള ചരിത്രം. മരണം വരെ ആര്‍.എസ്.എസ് പ്രചാരകരായി തുടരുന്ന സിംഗാളിനെ പോലുള്ള ചിലരാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യയെ നിയന്ത്രിക്കുന്നത് എന്ന് തോന്നാറുണ്ട്.വാജ്‌പേയി ,അദ്വാനി ,ജോഷി ,മോഡി ,അമിത് ഷാ തുടങ്ങിയവര്‍ മുഖങ്ങള്‍ മാത്രം. തലച്ചോര്‍ കാക്കിക്കുള്ളിലെ കേഡര്‍മുതലാളിമാരാണ്. കാലാകാലങ്ങളായി രാഷ്ട്രീയ നിരീക്ഷകര്‍ താരതമ്യം മാത്രമാണ് ചെയ്യുന്നത്.

singhal3

വാജ്‌പേയിയുമായി താരതമ്യം ചെയ്തു അദ്വാനിയെ ഉരുക്ക് മനുഷ്യന്‍ ആക്കി. അദ്വാനിയുമായി താരതമ്യം ചെയ്തു മോഡിയെ സിംഹമാക്കും. ഈ പ്രക്രിയ തുടര്‍ന്ന് കൊണ്ടേയിരിക്കും. ജനരോഷം മുഴുവന്‍ ഏതെങ്കിലും ഒരു കരുവില്‍ ആകുമ്പോള്‍ , ആ കരു മാറ്റി പുതിയ കരുവിനെ ആര്‍.എസ്.എസ് കളത്തില്‍ ഇറക്കും. ഇന്ന് അദ്വാനിയെ അവഗണിച്ചു, നാളെ മോഡിയെയും അമിത്ഷായെയും തളളും. അപ്പോഴും കടിഞ്ഞാണ്‍ പിടിക്കുന്നവര്‍ മാറുന്നതെയില്ല. ഡല്‍ഹിയില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷായെ കാണാന്‍ വെള്ളാപ്പള്ളി നടേശന്‍ എത്തിയപ്പോള്‍ ഇടനിലക്കാരന്റെ റോളില്‍ ഈ 88 കാരന്‍ ആയിരുന്നു. ഹിന്ദുമതത്തിലെ എല്ലാ ആള്‍ദൈവങ്ങളോടും സിംഗാള്‍ മികച്ച ബന്ധമാണ് പുലര്‍ത്തിയത്.തന്റെ ലക്ഷ്യത്തില്‍ സഹായിക്കുന്നത് ഇവരൊക്കെ ആണെന്ന് അദ്ദേഹത്തിന് തികഞ്ഞ ബോധ്യമുണ്ടായിരുന്നു.

ashok3

1985 കാലത്ത് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണം എന്നാവശ്യപ്പെട്ടു അശോക് സിംഗാള്‍ മാര്‍ച്ച് നടത്തിയപ്പോള്‍ പങ്കെടുത്തവരുടെ എണ്ണം അഞ്ഞൂറില്‍ താഴെ ആയിരുന്നു. ഇവരെ പോലീസ് ശരിക്കും പെരുമാറി. തലപൊട്ടി സിംഗാള്‍ കുറെ ദിവസം ആശുപത്രിയില്‍ കിടന്നു. 1992 ഡിസംബര്‍ ആറിനു രാമക്ഷേത്ര നിര്‍മാണ ആവശ്യം ഉയര്‍ത്തി മൂന്ന് ലക്ഷം പേര്‍ കര്‍സേവയില്‍ പങ്കെടുത്തു എന്നാണ് ആര്‍.എസ്.എസ് കണക്ക്.

ashok4

വെള്ളാപ്പള്ളി ബിജെപിയുമായി കൂട്ട് ചേര്‍ന്നപ്പോള്‍ എസ്.എന്‍.ഡി.പി ശക്തമായ കൊല്ലം ജില്ലയില്‍ സിപിഎമ്മിനു തിരിച്ചടി ആകുമെന്നാണ് പലരും കരുതിയത്. എന്നാല്‍ ബംബര്‍ വിജയമാണ് കൊല്ലത്ത് ഇടതു മുന്നണി നേടിയത്. ജാതി രാഷ്ട്രീയത്തെ എങ്ങനെ നേരിട്ടു എന്ന് ചോദിച്ചപ്പോള്‍ “കൊലമാസ് “എന്ന് പുതിയ വിളിപ്പേരുള്ള സിപിഎം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാലിന്റെ ഉത്തരം ലളിതമായിരുന്നു. കയര്‍ ,കശുവണ്ടി ,തോട്ടം,മത്സ്യബന്ധനം തുടങ്ങിയ എല്ലാ മേഖലകളിലും പാര്‍ടി ഇടപെട്ടു. വര്‍ഗീയ രാഷ്ട്രീയത്തെ വര്‍ഗ രാഷ്ട്രീയം കൊണ്ട് പ്രതിരോധിച്ചു.

modi1

അശോക് സിംഗാള്‍ മരിച്ചവിവരം ഫേസ്ബുക്കില്‍ എഴുതിയപ്പോള്‍ ആദ്യം വന്ന കമന്റ് ഗുഡ് ന്യൂസ് എന്നായിരുന്നു. നന്നായി ,ഒരു പണ്ടാരക്കാലന്‍ പോച്ച്! എന്നിങ്ങനെ പോകുന്നു ബാക്കി കമന്റുകള്‍. മരണത്തില്‍ സന്തോഷിക്കുന്ന കുറെ ആളുകള്‍ പോരാടുന്നത് വ്യക്തികളോട് തന്നെ. വ്യക്തികളെ വെറുക്കുകയും ആശയത്തെ വെറുതെ വിടുകയും ചെയ്യുമ്പോള്‍ ഈ കള്ളനും പോലീസും കളി തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. സിംഗാളുകള്‍ മരിക്കുന്നില്ല അപ്രസക്തരാകുന്നത് അദ്വാനിയും മോഡിയും ഒക്കെ മാത്രമാണ്.

Topics:

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക