സമത്വ യാത്രയും; വെള്ളാപ്പള്ളി-വിഎസ് കൂട്ടുകെട്ടും

By: ആര്‍ ഗോപകുമാര്‍ | November 24, 2015

Ozhukinethire-biline

രാജ്യത്ത് ദാരിദ്ര്യം ഇല്ലാതാകണമെങ്കില്‍ ഗരീബി ഹഠാവോ..എന്ന മുദ്രാവാക്യം വിളിച്ചാല്‍ മതിയെന്ന് കണ്ടുപിടിച്ചതിന് പിന്നാലെയാണ് അധികാരം പിടിക്കാന്‍ ആളുകള്‍ യാത്ര തുടങ്ങിയത്. കാസര്‍കോഡ് നിന്ന് തിരുവനന്തപുരം വരെയാണ് കേരളത്തില്‍ ഈ യാത്രാചാരം തുടങ്ങിയത്. സംസ്ഥാനത്ത് ഏററവും പ്രായം കുറഞ്ഞ പ്രായത്തില്‍ മന്ത്രിയാകുന്നതിന് മുന്‍പ് ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പദയാത്രയാണ് നടത്തിയത്. ആളുകള്‍ മറക്കുന്നതിന് ഒരു കാലത്തിന് മുന്‍പ് അധിക ഗൗരവക്കാരനായ ഒരു നേതാവ് നടത്തിയ കേരള യാത്ര ജില്ലാ ആസ്ഥാനങ്ങളില്‍ പ്രഭാത ഉച്ച രാത്രി ഭക്ഷണങ്ങള്‍, വിപുലമായ ദര്‍ബാറുകള്‍ ഇവയെല്ലാം സംഘപ്പിച്ചിരുന്നു. യാത്ര തലസ്ഥാനത്ത് എത്തുമ്പോള്‍ ബക്കറ്റിലെ തിരമാല പോലെ ഏതാനും പഴംചൊല്ലുകള്‍ കിട്ടിയെന്നല്ലാതെ യാത്ര നടത്തിയ നേതാവിന് അധികാരം മാത്രം കിട്ടിയില്ല. ഇപ്പോള്‍ കേരള സമൂഹത്തില്‍ ഏറെ ചര്‍ച്ചയാകുന്നത് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍ നടത്തുന്ന സമത്വ യാത്രയാണ്. velallapalli--smyatraവെള്ളാപ്പള്ളി നടേശന്റെ സമത്വ യാത്രയക്കെതിരെ ഏറ്റവും അധികം കൂരമ്പുകള്‍ എയ്യുന്നത് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനനന്ദന്‍ ആണ്. വിഎസിന്റെ ആക്രമണം ക്രൂരമാവിധം വേദനിപ്പിക്കുമ്പോഴും വെള്ളാപ്പള്ളിയുടെ പ്രതികരണം തനത് ശൈലിയിലേക്ക് ഉയരുന്നില്ല. കാലുവെന്ത കുരങ്ങന്‍, സമാധിയായ വിഎസിന് തുണയായത് സമത്വ യാത്ര , ഈ പ്രായത്തില്‍ നിക്കര്‍ അടിച്ചു തരാന്‍ വിഎസിന് ആകുമോ തുടങ്ങിയ ചെറിയ ഡോസിലാണ് വെള്ളാപ്പള്ളിയുടെ മറുപടി. വെള്ളാപ്പള്ളി വിഎസ് വാക്‌പോരിന് മുന്നില്‍ അന്തം വിട്ട് നില്‍ക്കുന്നവര്‍ ഒരു കാര്യം മറന്നുപോയി. അല്ലെങ്കില്‍ മറന്നതായി അഭിനയിക്കുന്നു. ഡോ. രാഹുലനും കെ ഗോപിനാഥനേയും ഒക്കെ മറികടന്നാണ് വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്.

vellapally-and-vsഅക്കാലയളവില്‍ വെള്ളാപ്പള്ളിയും വിഎസും ശാശ്വതീകാനന്ദയും അടങ്ങുന്ന കൂട്ടുകെട്ടാണ് ഈ അധികാര ലബ്ധിക്ക് പിന്നിലെന്ന് മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചു. വിഎസിന്റെ ഓരോ നീക്കത്തിനും ഈ കൂട്ടുകെട്ടും പഴി കേട്ടു. യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തില്‍ വിഎസിന്റേതായി വന്ന അഭിമുഖത്തില്‍ നക്‌സലിസത്തിലേക്ക് ആകൃഷ്ടനായ പിണറായി വിജയനടക്കമുള്ള നേതാക്കളെ സിപിഎം വീണ്ടെടുക്കുകയായിരുന്നു വെന്ന പരാമര്‍ശം ഏറെ വിവാദമുയര്‍ത്തി. വിഎസിന്റെ കുപ്രസിദ്ധമായ മാരാരിക്കുളം തോല്‍വിയുടെ കാലഘട്ടത്തില്‍ വെള്ളാപ്പള്ളി വിഎസിന്റെ ഇഷ്ടക്കാരനായിരുന്നു. വിഎസ് അധികാരത്തിന്റെ പച്ചതൊടുന്നതിന് തൊട്ട് മുന്‍പാണ് ഈ കൂട്ടുകെട്ട് ഔദ്യോഗികമായി ഇല്ലാതാകുന്നത്. അല്ലെങ്കില്‍ ഇല്ലാതായതായി മൂവരും നാട്ടുകാരെ ബോധ്യപ്പെടുത്തുന്നത്.

saswathikanandaപിന്നീട് ശാശ്വതീകാനന്ദയുടെ മരണ ശേഷം വിഎസ് അധികാരത്തില്‍ വന്നെങ്കിലും മരണത്തെക്കുറിച്ച് അന്വേഷണം ഒന്നും ഉണ്ടായില്ല. അക്കാലയളവില്‍ വിഎസിന്റെ വിദ്യാഭ്യാസ മന്ത്രി എംഎ ബേബി ഒന്നും തന്നില്ലായെന്ന പരാതി മാത്രമായിരുന്നു വെള്ളാപ്പള്ളിക്കുണ്ടായിരുന്നത്. കാലചക്രം തിരിഞ്ഞ് പാര്‍ട്ടിയുടെ ഔദ്യോഗിക പദവികളില്‍ നിന്ന് ഒഴിവായി പ്രതിപക്ഷ നേതാവ് സ്ഥാനം മാത്രം കൈമുതലായി പോരാട്ടം തുടര്‍ന്ന വിഎസ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി ബിജെപിയുമായി ചേര്‍ന്ന് സമത്വ മുന്നണി രൂപീകരിച്ചതോടെയാണ് സിംഹമായി ഉയര്‍ത്തെഴുന്നേറ്റത്. എസ്എന്‍ഡിപി-ബിജെപി കൂട്ടുകെട്ടിനെതിരെ ആഞ്ഞടിച്ച് താരമായി മാറി. യാത്ര തുടങ്ങിയ ശേഷവും വെള്ളാപ്പള്ളിയ്‌ക്കെതിരെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുമ്പോള്‍ വിഎസിന്റെ ശരീര ഭാഷയില്‍ മുഖത്തെ ഭാവമാറ്റങ്ങളും ശ്രദ്ധിക്കുക. വെള്ളാപ്പള്ളിയുടെ ഈ മുന്നേറ്റം ഏറ്റവും അധികം തുണയായത് വിഎസിനാണ്.

vellapalli--samatha-munnetta-ytra

സമത്വമുന്നേറ്റ യാത്രയ്ക്ക് മുന്നോടിയായി കാസര്‍ഗോഡ്, മധൂര്‍ സിദ്ധിവിനായക ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ വെള്ളാപ്പള്ളി നടേശന്‍

മറുഭാഗത്ത് വെള്ളാപ്പള്ളിയാകട്ടെ തന്റെ യാത്രയ്ക്കായി സംഘ പരിവാര്‍ സംഘടനകളേയും സന്യാസിമാരേയും തന്റെ ഇംഗിതത്തിനനുസരിച്ച് ഉപയോഗിക്കുന്നു. കാസര്‍കോഡ് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വെള്ളാപ്പള്ളി മടങ്ങുമ്പോള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ മുഖം കാണിക്കാന്‍ നില്‍ക്കുന്നു. ഊണുകഴിച്ച എച്ചിലില്‍ ദളിതനെ ഉരുട്ടിയെന്ന ആരോപണം നിലനില്‍ക്കുന്ന സന്യാസിവര്യന്‍ തുടങ്ങി അരഡസന്‍ പേരങ്കിലും വെള്ളാപ്പള്ളിയുടെ ജാഥ ഉദ്ഘാടന ചടങ്ങില്‍ വീനീത വിധേയരായി കൈകെട്ടിയിരിക്കുന്നു.

vellapalli--muraleedharanസന്യാസിമാരുടെ രാഷ്ട്രീയം ഇന്ത്യയില്‍ പുത്തരിയല്ല. ഇന്ദിരയുടെ പ്രിയ സന്യാസി ധീരേന്ദ്ര ബ്രഹ്മചാരി മുതല്‍ സിപിഎമ്മിന്റെ ഇഷ്ട നായകന്‍ വിശ്വഭദ്രാനന്ദബോധി വരെ നീളുന്ന നിര ഏറെയാണ്. വെള്ളാപ്പള്ളി മനസില്‍ ഉദ്ദേശിച്ച തരത്തിലുള്ള മാധ്യമ സാമൂഹ ശ്രദ്ധ ലഭിക്കുന്നുണ്ട്. കഴിഞ്ഞ കാലയളവില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്ന ജാഥകള്‍ക്ക് ലഭിച്ച സ്വീകരണങ്ങള്‍ ഇക്കാലയളവില്‍ പരിശോധിക്കണം. പണ്ട് അദ്വാനി രഥയാത്ര നടത്തിയപ്പോള്‍ മൈക്ക് പിടിച്ചിരുന്ന ആള്‍ ഇപ്പോള്‍ പ്രധാനമന്ത്രിയാണെന്ന തലക്കെട്ടില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വെള്ളാപ്പള്ളിയുടെ യാത്രയുടെ ആഢംബരത്തെക്കുറിച്ച് ആശങ്കാകുലരാകുന്നവര്‍ മുന്‍പ് ഒരു നേതാവ് യാത്ര നടത്തിയപ്പോള്‍ തേച്ച് മിനുക്കിയ വസ്ത്രങ്ങള്‍ കൊണ്ടുനടക്കാന്‍ ഒരു വാഹനം എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ട്. യാത്ര ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരത്ത് എത്തുന്നത് വരെ വിഎസിന്റേയും വെള്ളാപ്പള്ളിയുടേയും നാക്കുകള്‍ക്ക് വിശ്രമമുണ്ടാകില്ല. വിഎസിന്റെ വാക്കുകള്‍ ഏറ്റു പിടിക്കാന്‍ കോണ്‍ഗ്രസ് അടക്കം രംഗത്ത് വന്നതോടെ യാത്ര കൊഴുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക