വായനയില്‍ പുതുവഴി വെട്ടിയ മോഹനന്‍

By: web Editor | November 26, 2015

mohanകൊച്ചി: അന്നിവിടെ വൈക്കം മുഹമ്മദ് ബഷീറുണ്ടായിരുന്നു. ഇടക്കിടെ വന്നുപോകുന്ന എംഎന്‍ വിജയന്‍ അപ്പുറത്തുള്ള ഖാദിഭവനിലാണ് കിടന്നുറങ്ങുക. ആലോചനയില്‍ മുഴുകി ലോകം നോവിക്കാതെ നടന്നു നീങ്ങിയിരുന്ന ഓഎന്‍വി അന്ന് വൈകുന്നേരം ഇതിലെ കാഴ്ചയായിരുന്നു. പണ്ട് ടിബി റോഡ് ആയിരുന്ന പ്രസ് ക്ലബ് റോഡില്‍ ഇക്കഥകള്‍ പറയാന്‍ ഇനി മോഹനന്‍ ചേട്ടനില്ല.

അമ്പതുകളിലാണ് മോഹനന്‍ മോഹന്‍സ് ലെന്‍ഡിങ് ലൈബ്രറി തുടങ്ങുന്നത്. കേരളത്തില്‍ ഇത്തരമൊരു സംരംഭം അതാദ്യത്തേതായിരുന്നുവെന്നു പറയാം. തന്നെയുമല്ല ഇംഗ്ലീഷ് പുസ്തകങ്ങളുടെ മാത്രമായ ശേഖരമെന്ന നിലയിലും അത് അപൂര്‍വ സംരംഭം തന്നെയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ സന്തതസഹചാരിയായി തുടങ്ങിയതാണ് ജീവിതം. പിന്നീട് പുസ്തകത്തിന്റെ വഴിയേ പുതിയൊരു ആശയവുമായി മുന്നോട്ടുപോയപ്പോള്‍ നല്ലൊരു പിന്തുണ ഏവരില്‍ നിന്നും ലഭിച്ചുവെന്നതും നിസാരമല്ല.

കൊച്ചി നഗരം അന്ന് ടി.ബി.റോഡിലായിരുന്നുവെന്നു പറയും. റോഡ് തുടങ്ങുന്നിടത്തു തന്നെ എം.പി. സ്റ്റുഡിയോ, പിന്നാലെ മോഹന്‍സ് ലെന്‍ഡിങ് ലൈബ്രറി, എന്‍.ബി.എസ്., കറന്റ് ബുക്‌സ്, സി.ഐ.സി.സി. ബുക്ക് ഹൗസ്, രാഷ്ട്രീയക്കാരുടെ താവളമായ ബസോട്ട ലോഡ്ജ് അങ്ങിനെ പോകുന്നു പട്ടിക. അമ്പതുകളില്‍ ഈ തെരുവില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ വലംകൈയ്യായിരുന്ന ചെറുപ്പക്കാരനായ മോഹന്‍ കടയിടുമ്പോള്‍ നിരത്ത് കല്‍പ്പൊടിയിട്ട് നിരപ്പാക്കിയാതായിരുന്നു. രാവിലെയും വൈകീട്ടും മാര്‍ക്കറ്റിലേക്കും തിരിച്ചും കാളവണ്ടികള്‍ പോയിരുന്നത് ടി.ബി.റോഡിലൂടെയായിരുന്നുവെന്ന് പലപ്പോഴും അദ്ദേഹം പറയുമായിരുന്നു.
ഈ തെരുവില്‍ വരാത്ത ഒരു സാംസ്‌കാരിക നായകനും അന്ന് കൊച്ചിയില്‍ ഉണ്ടായിരുന്നില്ലെന്നു പറയാം. വൈകുന്നേരങ്ങളില്‍ തെരുവിലെ തിരക്കിന് മാറ്റുകൂട്ടിയിരുന്നത് തകഴി, പൊറ്റക്കാട്, എന്‍.വി.കൃഷ്ണവാര്യര്‍, പോഞ്ഞിക്കര റാഫി, ടി.കെ.സി.വടുതല, ടാറ്റാപുരം സുകുമാരന്‍ തുടങ്ങിയ പ്രമുഖരുടെ നീണ്ട നിരയായിരുന്നു. ഇവരെ കാണാനും മാത്രമായി എത്രയോ പേര്‍ നിത്യേന ടി.ബി.റോഡിലേക്കെത്തി. പില്‍ക്കാലത്ത് മാധ്യമ പ്രവര്‍ത്തകരായെത്തിയ പലരും സാഹിത്യസംബന്ധിയായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ആദ്യം അഭിപ്രായം തേടിയിരുന്നത് മോഹനന്‍ ചേട്ടനോടായിരുന്നുവെന്നതും ശ്രദ്ധേയം.
സൂക്ഷ്മനിരീക്ഷണം പല വിഷയങ്ങളിലും അദ്ദേഹം നടത്തിയുരുന്നു. പ്രസ്‌ക്ലബില്‍ വരുന്ന നേതാക്കള്‍ പോലും മോഹനന്‍ചേട്ടന്റെ സുഹൃത്തുക്കളായി മാറി. അവരുടെ രാഷ്ട്രീയം എന്തായാലും ഇംഗ്ലീഷ് ക്ലാസിക്കുകളുടെ മായാലോകത്തേക്ക് പലര്‍ക്കും വഴികാട്ടിയാകാനും കഴിഞ്ഞു. ലഭ്യമല്ലാത്ത പുസ്തകങ്ങളുടെ പട്ടികയാവും ചിലപ്പോള്‍ നല്‍കുക. അടുത്ത വരവില്‍ അതും ലഭ്യമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

പ്രായാധിക്യം മൂലം കടയക്കുന്നതിനു മുന്നോടിയായി പ്രധാനപ്പെട്ട പുസ്തകങ്ങളില്‍ പലതും അദ്ദേഹം അടുത്ത സുഹൃത്തുക്കള്‍ക്കു നല്‍കിയിരുന്നു. പലപ്പോഴും കടയടച്ചുകഴിഞ്ഞും അദ്ദേഹത്തെ കടയില്‍ കാണാനും കഴിയുമായിരുന്നു. പഴയകാല അനുഭവങ്ങള്‍ മറ്റുള്ളവരുമായി പ്രത്യേകിച്ച് പുതിയ തലമുറയിലെ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവയ്ക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞകാല അനുഭവങ്ങള്‍ പകര്‍ത്തിവയ്ക്കണമെന്നുണ്ടായിരുന്നെങ്കിലും കണ്ണിന്റെ കാഴ്ച്ചക്കുറവ് അതിനും തടസമായി. സൈക്കിളില്‍ പച്ചാളത്തു നിന്നുള്ള ആ യാത്രയ്‌ക്കൊപ്പം ഒരു കാലവും അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചിരുന്നുവെന്ന് എത്രപേര്‍ക്കറിയാം.

Topics:

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക