ബറേലിയില്‍ 15 ഹിന്ദു തടവുകാര്‍ക്ക് മോചനമൊരുക്കി മുസ്ലിം യുവാക്കള്‍

By: web Editor | November 27, 2015

ബറേലി: ഇന്ത്യയില്‍ അസഹിഷ്ണുതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുമ്പോള്‍ രാജ്യത്തിനൊന്നാകെ മാതൃകയാകുകയാണ് ബറേലിയിലെ ഒരു സംഘം മുസ്ലിം യുവാക്കള്‍. പിഴ അടക്കാന്‍ സാധിക്കാത്തതിനാല്‍ ബറേലി ജില്ലാ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതിരുന്ന 15 ഹിന്ദു തടവുകാരെയാണ് ബറേലി സ്വദേശിയായ ഹാജി യാസിന്‍ ഖുറേഷിയും സുഹൃത്തുക്കളും ചേര്‍ന്ന് മോചിപ്പിച്ചത്.muslim-youth

ചെറിയ കുറ്റകൃത്യങ്ങളുടെ പേരില്‍ ജയിലിലായവരായിരുന്നു മോചിപ്പിക്കപ്പെട്ടവരിലേറെയും. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടവര്‍ മുതല്‍ പത്ത് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ശിക്ഷാകാലാവധി പൂര്‍ത്തിയായിട്ടും പിഴ അടക്കാന്‍ സാധിക്കാത്തതിനാല്‍ ജയിലില്‍ തുടരുകയായിരുന്നു ഇവരെന്നും ജില്ലാ ജയില്‍ സൂപ്രണ്ട് ബിആര്‍ മൗര്യ പറഞ്ഞു.

ജയിലധികൃതരില്‍ നിന്നും വിവരം ലഭിച്ചതനുസരിച്ച് തടവുകാരെ മോചിപ്പിക്കുന്നതിന് വേണ്ടി ഖുറേഷിയും സുഹൃത്തുക്കളും ചേര്‍ന്ന് 50,000 രൂപ സമാഹരിച്ചു. ‘തടവുകാരെ കുറിച്ചറിഞ്ഞപ്പോള്‍ ഇവര്‍ക്കുവേണ്ടി ഞങ്ങളാല്‍ കഴിയുന്നത് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അവരുടെ മതമോ സമുദായമോ ഒന്നും ഞങ്ങള്‍ നോക്കിയില്ല. അതിലുപരി ഈ രാജ്യത്ത് ആര് ജീവിക്കണം ആര് പാടില്ല എന്ന ചര്‍ച്ചകള്‍ നടക്കുന്ന സമയമാണിത്. അള്ളാഹുവിന്റെ അനുഗ്രഹം ഞങ്ങള്‍ക്കെന്നുമുണ്ടാകും.’ ഖുറേഷി പറഞ്ഞു.muslim-prayer

ഇത് ഞങ്ങളുടേയും രാജ്യമാണ്. ഇവിടെയുള്ള ഹിന്ദുക്കള്‍ ഞങ്ങളുടെയും സഹോദരന്‍മാരാണ്. മരിക്കുമ്പോള്‍ എല്ലാവരേയും ഈ മണ്ണിലാണ് അടക്കം ചെയ്യുക. ഖുറേഷിയുടെ സുഹൃത്ത് ഹാജി മൊഹ്ദ് പറയുന്നു.
ജയിലില്‍ നിന്ന് പുറത്തിറങ്ങിയവരെ സ്വീകരിക്കാന്‍ ഖുറേഷിയും സുഹൃത്തുക്കളും എത്തിയിട്ടുണ്ടായിരുന്നു. എല്ലാവരേയും ആലിംഗനം ചെയ്ത് പുതിയൊരു ജീവിതത്തിലേക്ക് അവര്‍ സ്വാഗതം ചെയ്തു. ഒപ്പം ഇനിയൊരിക്കലും തെറ്റ് ചെയ്യില്ലെന്നും അവരില്‍ നിന്നും ഉറപ്പ് വാങ്ങി. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പോലീസ് പിടിയിലായ നന്ദ്കിഷോര്‍, അജയ് കുമാര്‍, കിഷന്‍ സാഗര്‍, പപ്പു, തിലക് തുടങ്ങി ബുധനാഴ്ച വൈകുന്നേരം 15 പേരാണ് പുറത്തിറങ്ങിയത്.

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക